പ്രശസ്ത ഗായിക വാണി ജയറാമിന്റെ വിയോഗത്തില്‍ ദുഖിച്ച് ഇന്ത്യന്‍ സംഗീത ലോകം, ബാങ്ക് ജോലിക്കാരിയായ കലൈവാണിയെ പിന്നീട് ഇന്ത്യ അറിയപ്പെടുന്ന ഗായികയാക്കി മാറ്റിയത് ഭര്‍ത്താവ് ജയറാം; ആ കഥ ഇങ്ങനെ

ഇന്ത്യയുടെ അനശ്വര ഗായികയായിരുന്നു വാണി ജയറാം. നിരവധി ഭാഷകളില്‍ തന്‍രെ കിളി നാദത്താല്‍, സ്വര മാധുരിയാല്‍ വിസ്മയം തീര്‍ത്ത അതുല്യ കലാകാരി ഇപ്പോള്‍ വിട വാങ്ങിയിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായ വാണി ജയറാമിന്റെ വിയോഗം ഇന്ത്യയിലെ മുഴുവന്‍ ആരാധകര്‍ക്കും ഞെട്ടലും ഉണ്ടായിരിക്കുകയാണ്. എത്രയോ തലമുറയ്ക്ക് ഇമ്പമായി മാറിയ  ഈ അനസ്വര ഗായികയുടെ വേര്‍പാട് എഴുപത്തിയെട്ടു വയസിലായിരുന്നു. സ്വ വസതിയില്‍ പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ച വാണി ജയറാം തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ദുരൈസ്വാമി അയ്യനാരുടെയും  പത്മാവതിയുടെയും മകളായി കലൈവാണി ആയിട്ടാണ് ജനിച്ചത്. പത്മാവതി അമ്മ നല്ല ഒരു ഗായികയും വീണ വായിക്കുന്ന വ്യക്തിയുമായിരുന്നു. അമ്മയുടെ പാരമ്പര്യം അതു പോലെ മകള്‍ക്കു കിട്ടിയിരുന്നെങ്കിലും തന്‍രെ ശബ്ദ മാധുരിയും കഴിവും മകള്‍ തിരിച്ചറിയുന്നത് വിവാഹത്തിന് ശേഷമായിരുന്നു. ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം എസ്ബിഐ ബാങ്കില്‍ ജോലിക്കു കയറിയ വാണി പിന്നീട് മുബൈ സ്വദേശിയും ഇന്‍ഡോ ബെല്‍ജിയം ചേംബര്‍ ഓഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായ ജയറാമിനെ വിവാഹം ചെയ്യുന്നതോടെ വാണി ജയറാം എന്ന പേരു സ്വീകരിക്കുകയായിരുന്നു.

തന്റെ ഭാര്യയുടെ മനോഹരമായ ശബ്ദം കൊണ്ട് തന്നെ വലിയ ഒരു ഗായികയാകാന്‍  അവള്‍ക്ക്‌
കഴിയുമെന്ന വിശ്വാസം ജയറാമിന് ഉണ്ടാവുകയും എന്തു കൊണ്ട് ഇത്രയും സ്വര മാധുരിയുള്ള നീ സംഗീതം പഠിക്കാത്തതെന്നുമുള്ള ചോദ്യത്തിലാണ് വാണി തന്‍രെ സംഗീത ജീവിതം ആരംഭിക്കുന്നതെന്ന് പറയാം. പിന്നീട് ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടിക് സംഗീതവുമൊക്കെ പഠിക്കുന്ന വാണി പിന്നീട് സിനിമകളില്‍ പാടി തുടങ്ങി.

പല ഭാഷകളിലായി പതിനായിര കണക്കിന് പാട്ടുകള്‍ പാടുന്ന പ്രശസ്ത ഗായികയായി വളരാന്‍ വാണി ജയറാമെന്ന ശബ്ദ സൗന്ദര്യത്തിന് അധിക സമയം വേണ്ടി വന്നില്ല. 1971 ല്‍ ഗുഡ്ഡി എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ വാണി ജയറാം പ്രശസ്തയായി. വസന്ത് ദേശായിയുടേതായിരുന്നു ആ ഗാനത്തിന്റെ സംഗീതം. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടു വരുന്നത്. ഈ ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു..’ എന്ന ഗാനത്തോടെ അവര്‍ മലയാള സിനിമയ്ക്കും പ്രിയപ്പെട്ട ഗായികയായി മാറുന്നു.

നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തുമ്പോഴും തന്‍രെ ശബ്ദത്താല്‍ നിരവധി പാട്ടുകളുടെ പണിപ്പുരയിലായിരുന്നു ഈ അതുല്യ ഗായിക. മലയാളത്തില്‍ താരം അവസാനമായി പാടിയത് മാനത്തെ മാരിക്കുറുമ്പേ…എന്ന പുലിമുരുകനിലെ പാട്ടായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തിയിരുന്നു. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. അടുത്തിടെയാണ് രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ഈ മഹാ ഗായികയെ ആദരിച്ചത്. തലമുറകള്‍ തോറും പാടി നടക്കാനുള്ള ഒരു പിടി മധുരഗാനങ്ങള്‍ എല്ലാ ഭാഷകളിലും ആലപിച്ചാണ് വാണി ജയറാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത്.