ജൂനിയർ പുലിമുരുകനെ ഓർമ്മയില്ലേ? എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന് ഒരു സാധാരണക്കാരനായി, സ്കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല, വേദന നിറഞ്ഞ പുഞ്ചിരിയുമായി അവൻ ഇവിടെയുണ്ട്… വൈറലായി പോസ്റ്റ്

മലയാളത്തിൽ  സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ.  മോഹൻലാലിന്റെ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായ പുലിമുരുകൻ തീർത്ത ഓളം ഇന്നും മലയാള സിനിമ മേഖലയിൽ നിലനിൽക്കുന്നുണ്ട്. മോഹൻലാലിനെ ഓർക്കുന്നത് പോലെ തന്നെ കുഞ്ഞു പുലിമുരുകനേയും പ്രേക്ഷകർ ഓർത്തു വെയ്ക്കുന്നുണ്ട്.  ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അജാസിന് പുലിമുരുകനിൽ അഭിനയിക്കുമ്പോൾ 11 വയസായിരുന്നു പ്രായം.

പുലിമുരുകൻ സിനിമ ഇറങ്ങിയതോടെ അജാസും വലിയ താരമായി മാറിയിരുന്നു. കൊല്ലം ആദിച്ചനല്ലൂരിലെ വിളച്ചിക്കാല സ്വദേശിയായ താരം. അന്ന് പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു അജാസ്. കമ്മാരസംഭവം, ഡാൻസ് ഡാൻസ് തുടങ്ങിയ സിനിമകളിലും  വേഷമിട്ട അജാസിനെ പിന്നീട് സ്‌ക്രീനിലൊന്നും കണ്ടില്ല.  ഇപ്പോഴിതാ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാവുന്നത്.  അജാസ് നിലവിൽ കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ് എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

വാക്കുകൾ ഇങ്ങനെ… ഈ പോസ്റ്റിലെ ആദ്യത്തെ ചിത്രം നിങ്ങൾക്ക് അറിയാം. ജൂനിയർ പുലിമുരുകൻ ആയിരുന്നു. എന്ന രണ്ടാമത് കാണുന്ന ചിത്രം പരിചയം കാണില്ല. പുതിയ സ്കൂളിലേക്ക് കേറി ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരു സർപ്രൈസ് പ്രതീക്ഷിച്ചില്ല. പ്രശസ്തിയുടെ ഒരു വെളിച്ചവും ഇല്ലാതെ തീർത്തും ഒരു സാധാരണക്കാരനായി ഗവണ്മെന്റ് സ്കൂളിൽ പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥിയായി പുലിമുരുകൻ ഉണ്ടാവുമെന്ന് അറിഞ്ഞില്ല. താര ജാഡ ഒന്നുമില്ലാതെ കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ശാന്തനായി ഒതുങ്ങി ജീവിക്കുന്ന അജാസിനെ കണ്ടു. പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകൻ ആയി എത്തിയ കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറുകുറിപ്പ് എന്നാണ് പോസ്റ്റിൽ പറയുന്നത്.

എല്ലാ ബഹളങ്ങളിൽ നിന്നും മാറി സ്കൂൾ വിട്ടാൽ ഗ്രൗണ്ട്, വീട് ഒക്കെ ആയി ജീവിക്കുന്നു. അന്ന് ഇവനെ ഒന്ന് കാണാൻ കൊല്ലം രമ്യ തിയേറ്ററിൽ പുറകെ ഓടിയത് ഓർക്കുന്നു. സ്കൂൾ കലോത്സവം പോലും അവൻ പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ ചിരി ആയിരുന്നു മറുപടി. ഇന്ന് സ്കൂളിൽ വാർഷികം ആയിട്ട് അവന് സ്കൂൾ വക ഒരു മൊമെന്റോ കോമ്പ്ലിമെൻറ് ആയി നൽകി. നിർബന്ധിച്ചപ്പോൾ ഒരു ഡാൻസും. ഈ കുറിപ്പ് ഇപ്പോൾ ഇടാൻ കാരണം പുലിമുരുകൻ നമ്മുടെ മനസ്സിൽ അത്രയ്ക്ക് ഇടം പിടിച്ചിരുന്നത് കൊണ്ടാണ് എന്നും അവന് ഗോഡ്ഫാദർമാരില്ല ഒരു സാധാരണ കുടുംബാംഗമാണ് എന്നും പറയുന്നു. എം എം മഠത്തിൽ എന്നയാളുടെ കുറിപ്പ് മിനി ഉണ്ണി എന്ന ആളാണ് വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ചത്.