അവർക്ക് പേരായിരുന്നു പ്രശ്‌നം, നാടകത്തിനിടയിൽ സ്റ്റേജിലേക്ക് ബോംബെറിഞ്ഞു; ആദ്യ നാടകത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞു വിജയകുമാരി

പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് വിജയകുമാരിയുടേത്. മിനിസ്ക്രീൻ പരമ്പരകളിലും സിനിമയിലുമെല്ലാം വിജയകുമാരി അനേകം വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ് വിജയകുമാരി അഭിനയ രംഗത്തേക്ക് കടന്നത്. മലയാളത്തിലെ പല ഹിറ്റ് പരമ്പരകളിലും വിജയകുമാരി പ്രധാന കഥാപാത്രങ്ങളിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് പരമ്പരയിൽ ആണ് അഭിനയിക്കുന്നത്. നാടകകാലത്തെ ഓർമ്മകളെ കുറിച്ച് വിജയകുമാരി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

ഒരിക്കല്‍ ബോംബെയില്‍ അഭിനയിക്കാന്‍ ചെന്നപ്പോൾ വേദിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തെക്കുറിച്ചാണ് വിജയകുമാരി സംസാരിച്ചത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് വിജയകുമാരി മനസ് തുറന്നത്. ഞങ്ങളുടെ ആദ്യത്തെ നാടകമായിരുന്നു അത്. സ്റ്റേജില്‍ ഞങ്ങള്‍ രണ്ട് പേരും ഉണ്ടായിരുന്നു. വിഷ സര്‍പ്പത്തിന് വിളക്ക് വെക്കരുത് എന്നായിരുന്നു നാടകത്തിന്റെ പേര്. കെപിഎസി ആയിരുന്നു നാടകം കളിക്കുന്നത്. ഇവിടെ നിന്നുള്ള ഒരു കൂട്ടം ആളുകൾക്ക് നാടകം ശരിയല്ലെന്ന് തോന്നി. ഞങ്ങള്‍ നാടകം കളിക്കുന്ന സ്‌റ്റേജിന്റെ അപ്പുറത്ത് ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു.

അവര്‍ അവിടെ ഉള്ള ആളുകളെ സ്വാധീനിച്ച് അവിടെ കയറിപ്പറ്റി. നാടകം തുടങ്ങിയ ശേഷം വേദിയിലേക്ക് ബോംബെറിഞ്ഞു. ആ സമയത്ത് ഞങ്ങളായിരുന്നു സ്‌റ്റേജില്‍ ഉണ്ടായിരുന്നത്. ബോംബ് സ്‌റ്റേജിലേക്ക് എത്തിയില്ല. മുന്നിലാണ് വീണത്. ആകെ ബഹളമായി ആളുകളൊക്കെ ഇറങ്ങി ഓടി. ആളുകൾക്ക് ഒന്നും പറ്റിയിരുന്നില്ല. എവിടെ നാടകം കളിച്ചാലും പാര്‍ട്ടിയുടെ ആളുകൾ ഉണ്ടാവുമല്ലോ. അവരാണ് രക്ഷിച്ചത്. നാടകത്തിന്റെ പേരായിരുന്നു പ്രശ്‌നം. കേരളത്തിൽ കളിക്കാൻ സമ്മതിക്കില്ലെന്ന് അവർ പറഞ്ഞു. ഒടുവില്‍ കറന്റൊന്നും ഇല്ലാതെ പെട്രോമാക്‌സ് കത്തിച്ചു വെച്ചാണ് അന്ന് ഞങ്ങള്‍ നാടകം കളിച്ചത്. 86ലായിരുന്നു സംഭവം നടന്നത്.

 

ദിലീപ് നായകനായി എത്തിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലും വിജയകുമാരി വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ മിനിസ്ക്രീൻ രംഗത്ത് നിറ സാന്നിധ്യമാണ് വിജയകുമാരി. വില്ലത്തിയായും സഹ നടിയായും നല്ല സ്വഭാവമുള്ള കഥാപാത്രമായും എല്ലാം വിജയകുമാരി അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെ പരിചയപ്പെട്ട ആളുമായിട്ടാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഇരുവരും പ്രണയ വിവാഹമായിരുന്നു. താനാണ് ആദ്യം പ്രണയം പറഞ്ഞതെന്നും അദ്ദേഹം ആദ്യമൊന്നും താല്‍പര്യം കാണിച്ചില്ലെന്നും വിജയ കുമാരി പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ മനസ്സ് തുറന്നിരുന്നു.