എല്ലാവർക്കും പണത്തിനോട് മാത്രം സ്നേഹം, സ്വന്തം സഹോദരൻ തരുന്ന ഭക്ഷണം പോലും കഴിക്കാൻ ഭയം, ആ നടൻ വിശ്വസിച്ച് കഴിച്ചിരുന്നത് സുകുമാരിയമ്മ ഉണ്ടാക്കിയിരുന്ന ഭക്ഷണം മാത്രം; നടിയെക്കുറിച്ചുള്ള ഓർമ്മ

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടിയാണ് സുകുമാരി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സുകുമാരി പ്രശസ്തയാണ്. കോമഡി, സീരിയസ്, വില്ലത്തി വേഷങ്ങൾ ഒരു പോലെ ചെയ്ത താരം കൂടിയാണ്. അമ്മയായും അമ്മായിമ്മയായും മുത്തശ്ശിയായുമെല്ലാം സുകുമാരി സിനിമയിൽ തിളങ്ങിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിൽ 25000 ഓളം സിനിമകളിൽ സുകുമാരി അഭിനയിച്ചു. തീപ്പാെള്ളലേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം വന്ന് 2013 ലായിരുന്നു സുകുമാരി മരണപ്പെട്ടത്.

ഇപ്പോഴിതാ സുകുമാരിയുടെ സ്വഭാവത്തെ കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. എല്ലാവരോടും വളരെ അധികം സ്നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയാണ് സുകുമാരിയെന്നാണ് ജോൺ പോൾ പറഞ്ഞത്. തനിക്ക് കിട്ടുന്ന അതേ ആനുകൂല്യവും പ്രാധാന്യവും തനിക്കൊപ്പം വന്നവർക്കും കൂടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ സിനിമകളിൽ സുകുമാരി ഇല്ലെങ്കിൽ ശൂന്യത അനുഭവപ്പെടാറുണ്ടെന്ന് പല സംവിധായകരും അഭിനേതാക്കളും ഒരു പോലെ പറയുന്നുണ്ടായിരുന്നു.

മദ്രാസിൽ വന്ന് ആഴ്ചകളോ മാസങ്ങളോ താമസിക്കുമ്പോൾ ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് രക്ഷപ്പെടുന്നത് പലപ്പോഴായി അനുഭവിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ച ആരെങ്കിലും മദിരാശിയിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാൽ നിർബന്ധപൂർവം വീട്ടിലേക്ക് ക്ഷണിച്ച് സ്വന്തം കൈ കൊണ്ട് ഭക്ഷണമുണ്ടാക്കി വിളമ്പിത്തന്നിരുന്നു. പനിയോ എന്തെങ്കിലും വന്ന് കിടക്കുന്നു എന്ന് അറിഞ്ഞാൽ രാപകലില്ലാത്ത തിരക്കിനിടയിലും റൂമിലേക്ക് ഓടി വരികയും അസുഖം അന്വേഷിക്കുകയും ഡോക്ടർമാരുടെയടുത്തേക്ക് കൊണ്ട് പോവുകയും ഒക്കെ ചെയ്യും.

അടൂർ ഭാസി ഒരിക്കൽ വികാരാധീനനായി സുകുമാരിയെ കുറിച്ച് പറഞ്ഞ വാക്കുകളുണ്ട്. ജീവിതത്തിൽ അരക്ഷിതാവസ്ഥ വല്ലാതെ അലട്ടുന്ന സമയത്ത് താൻ ഒരിടത്തും സുരക്ഷിതനല്ല, എല്ലാവർക്കും സ്നേഹം തൻ്റെ പണത്തോട് മാത്രമാണെന്ന തിരിച്ചറിഞ്ഞ നാളുകളിൽ, സ്വന്തം സഹോദരന്റെ വീട്ടിൽ നിന്ന് പോലും ഭക്ഷണം കഴിക്കാൻ ഭയപ്പെട്ടിരുന്ന ദിവസങ്ങളിൽ മൂന്ന് നേരവുംവീട്ടിലേക്ക് ഭക്ഷണമെത്തിച്ച് തന്നിരുന്നത് സുകുമാരിയാണെന്ന്. സുകുമാരിയുടെ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണം താൻ പൂർണ വിശ്വാസത്തോടെ കഴിക്കുമായിരുന്നെന്നും അതിൽ തനിക്ക് വലിയ ധൈര്യമായിരുന്നു എന്നും അടൂർ ഭാസി പറയാറുണ്ടായിരുന്നു. സുകുമാരിയുമായി അടുത്തിടപഴകിയ എല്ലാവർക്കും തന്നെ ഇത്തരത്തിലുള്ള സ്നേഹ വാത്സല്യത്തിന്റെ ഓർമ്മകളുണ്ട് എന്നും ജോൺ പറഞ്ഞു.