
“നീ ഞങ്ങളെ വിട്ട് പോയിട്ട് 8 വർഷം, ഇപ്പോഴും നീ ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്”; സുഹൃത്തിന്റെ വേർപാടിൽ ഓട്ടോഗ്രാഫ് താരങ്ങൾ
മലയാളം മിനിസ്‌ക്രീൻ ആരാധകർക്കായി നിരവധി സൂപ്പർഹിറ്റ് പരമ്പരകൾ വന്നിട്ടുണ്ട് എങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പര ഉണ്ടാക്കിയ ഓളം മറ്റൊരു പരമ്പരയും ഉണ്ടാക്കിയിട്ടില്ല. ഓട്ടോഗ്രാഫ് എന്ന പരമ്പര ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസിൽ തന്നെയുണ്ട്. പരമ്പരയിലെ ഫൈവ് ഫിംഗേഴ്സിനെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനെ ആവില്ല. ഫൈവ് ഫിംഗേഴ്‌സ് എന്ന അഞ്ച് അടുത്ത സുഹൃത്തുക്കളുടെ കഥയാണ് ഓട്ടോ ഗ്രാഫിലൂടെ പറഞ്ഞത്.

രഞ്ജിത്ത് രാജായിരുന്നു പരമ്പരയിൽ ജെയിംസ് എന്ന കഥാപാത്രത്തെ വേഷമിട്ടത്. സാം എന്ന കഥാപാത്രത്തെ അംബരീഷും രാഹുൽ എന്ന കഥാപാത്രത്തെ ശർത്തുമായിരുന്നു അവതരിപ്പിച്ചിരുന്നത്. നാൻസിയായി സോണിയ മോഹൻദാസാണ് എത്തിയത്. ദീപ റാണിയെന്ന കഥാപാത്രമായി എത്തിയത് ഇന്ന് നടിയായും സവിധായികയായും തിളങ്ങുന്ന ശാലിൻ സോയ ആയിരുന്നു. രാഹുലായി അഭിനയിച്ച നടൻ ശരത്തിന്റെ വേർപാട് ഓട്ടോഗ്രാഫ് താരങ്ങളെയും ആരാധകരെയും ഏറെ സങ്കടത്തിലാക്കിയിരുന്നു. 2015ലാണ് ശരത്ത് വാഹനാപകടത്തില്‍ മരണപ്പെട്ടത്.

ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയിലിടിച്ചായിരുന്നു മരണം. ടിപ്പര്‍ ഡ്രൈവര്‍ ശരത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ താരത്തിന് മരണം സംഭവിച്ചിരുന്നു.സീരിയല്‍ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോവുന്നതിനിടയിൽ ആയിരുന്നു അപകടം. ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് ശരത്തിന് ആരാധകരെ നേടി കൊടുത്തത്. ഇപ്പോഴിത ശരത്ത് മരിച്ചിട്ട് എട്ട് വര്ഷം കഴിഞ്ഞിരിക്കുകയാണ്. സോണിയ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്.

‘നീ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് 8 വർഷം. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ശരത്തെ. നീ എന്നും എപ്പോഴും ഫൈവ് ഫിംഗേഴ്സിൽ ഒരാളായിട്ട് ഞങ്ങൾക്കൊപ്പമുണ്ട്. എൻ്റെ കുഞ്ഞ് അനുജനായിട്ടും കൂടെ തന്നെ ഉണ്ട്. അങ്ങനെ വിശ്വസിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. നിൻ്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ല.’ എന്നുമാണ് സോണിയ കുറിച്ചത്. പോസ്റ്റിനൊപ്പം ശരത്തിനൊപ്പം നിൽക്കുന്ന ചില ചിത്രങ്ങളും സോണിയ തൻ്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സോണിയയുടെ കുറിപ്പ് ഏറെ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ശരത്തിനെ ഓർമിച്ചു കൊണ്ട് കമന്റുകളുമായി എത്തിയത്. ഓട്ടോഗ്രാഫിലെ രാഹുലിനെ ഞങ്ങൾ ഒരിക്കലും മറക്കില്ല, ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ടാണ് ഫൈവ് ഫിംഗേഴ്‌സ് എന്നൊക്കെയാണ് കമന്റുകൾ വന്നത്. കൂടെ ഉണ്ടായിരുന്ന താരങ്ങളും ദുഃഖം അറിയിച്ചു കൊണ്ട് എത്തിയിരുന്നു.