“ആ ചിരി ഇനി ഓർമ്മകളിൽ മാത്രം”, നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചു, ആദരാഞ്ജലികൾ നേർന്ന് മലയാള സിനിമാ ലോകം

അവതാരകയായി മിനിസ്‌ക്രീനിലെ വേദികളിലും തിളങ്ങിയ താരമാണ് സുബി സുരേഷ്. ജീവിതത്തിലെ ഏതൊരു കാര്യത്തെയും വളരെ അധികം തമാശയോടെ സ്വീകരിക്കുന്ന ആളാണ് സുബി. എത്ര ഗൗരവമുള്ളള കാര്യം അവതരിപ്പിക്കുമ്പോഴും അതിൽ തൻ്റെ ശൈലിയിലുള്ള തമാശകളും ഉള്‍ക്കൊള്ളിക്കാന്‍ സുബി എന്നും ശ്രദ്ധിക്കാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരം ഇനി ഇല്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമ സീരിയൽ രംഗത്തെ ഒന്നാകെ സുബിയുടെ മരണ വാർത്തയിൽ ഞെട്ടി ഇരിക്കുകയാണ്.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 34 വയസ്സായിരുന്നു. നിരവധി താരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എത്തുന്നത്.  സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു താരത്തിന്റെ സ്‌കൂള്‍ കോളജ് വിദ്യാഭ്യാസം.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലേക്കും സുബി അരങ്ങേറ്റം കുറിച്ചു. കൂടാതെ വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളും കോമഡി സ്‌കിറ്റുകളും സുബി അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരകയായി ഏറെ ശ്രദ്ധ നേടിയിരുന്നു സുബി.   അടുത്തിടെ താന്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന കാര്യം പങ്കുവെച്ച് കൊണ്ട് സുബി സുരേഷ് എത്തിയിരുന്നു. ‘ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി’ എന്ന ക്യാപ്ഷനും ഒപ്പം ഒരു ഫോട്ടോയും നൽകിക്കൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ സുബി അസുഖ വിവരത്തെ കുറിച്ച് പങ്കിട്ടത്.

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ അസുഖത്തെ കുറിച്ച് സുബി കൃത്യമായി പറഞ്ഞിരുന്നു. തൻ്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ടാണ് ‘വര്‍ക് ഷോപ്പില്‍’ കയറേണ്ടി വന്നത്. എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക തുടങ്ങിയ യാതൊരു നല്ല ശീലവും തനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതെന്നും സുബി പറഞ്ഞിരുന്നു. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലവും, മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. പാന്‍ക്രിയാസില്‍ ഒരു കല്ല് ഉണ്ട് അത് മാറിയില്ലെങ്കിൽ കീ ഹോൾ ചെയ്യുമെന്നും സുബി പറഞ്ഞിരുന്നു.