
“ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” എന്ന് ചോദിച്ചു കൊണ്ടായിരുന്നു വിളിക്കുക, നമ്മൾ ഏതു സാഹചര്യത്തിലാണെങ്കിലും ചേച്ചിയോട് സംസാരിച്ചു ഫോൺ വെയ്കുമ്പോ ചിരിച്ച് മറിയും; സുബിയെ ഓർത്ത് സുരഭി ലക്ഷ്മി
സുബി സുരേഷിന്റെ വിയോഗ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണിപ്പോഴും മലയാളികൾ. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുബി കഴിഞ്ഞ ദിവസമാണ് മരണപ്പെടുന്നത്. താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് സിനിമ ടെലിവിഷൻ ലോകവും പ്രേക്ഷകരും. തീർത്തും അപ്രതീക്ഷിതമായ വാർത്തയായിരുന്നു സുബിയുടെ വിയോഗം. എന്നും ചിരിച്ചു കൊണ്ട് മാത്രം മലയാളികൾ കണ്ടിരുന്ന ആ മുഖം ഇനി ഇല്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും പലർക്കും ആയിട്ടില്ല എന്നതാണ് സത്യം.

തങ്ങളുടെ പ്രിയ കൂട്ടുകാരിയെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് സഹതാരങ്ങൾ എല്ലാം പങ്കുവയ്ക്കുന്നത്. പൊതുവേ പുരുഷന്മാർ കൈകാര്യം ചെയ്തിരുന്ന മിമിക്രി കോമഡി രംഗങ്ങളിലായിരുന്നു സുബി തൻ്റെ കഴിവ് തെളിയിച്ചു കൊണ്ട് രംഗത്തെത്തിയത്. സിനിമാല എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ സുബി പിന്നീട് അനേകം വേദികളെ ഇളക്കി മറിച്ചു. കുട്ടിപ്പട്ടാളം എന്ന കുഞ്ഞു മക്കളുടെ പരിപാടി പോലും അനായാസം കൈകാര്യം ചെയ്യാൻ സുബിയെ കൊണ്ട് സാധിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി കോമഡി സ്കിറ്റുകളിലും ടെലിവിഷൻ ഷോകളിലും പൊതു വേദികളിലും നിറസാന്നിധ്യമായിരുന്നു സുബി സുരേഷ്.

ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഓർത്ത് സോഷ്യൽ മീഡിയയിൽ പല താരങ്ങളും പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരുന്നു. നടി സുരഭി ലക്ഷ്മി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചേച്ചി വിളിക്കുമ്പോ നമ്മൾ ഏത് മൂഡിലാണ് സംസാരിച്ച് തുടങ്ങിയത് എങ്കിലും എന്നാൽ ഫോൺ വെയ്ക്കുമ്പോൾ നമ്മൾ ചിരിച്ച് മറിയും. “ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ചേച്ചി വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് ഫോൺ വെയ്ക്കുക.

കഴിഞ്ഞ മാസം വിളിച്ചപ്പോഴും രോഗത്തിൻ്റെ കാര്യം പറയുകയോ സൂചിപിക്കുകയോ ഒന്നും ചെയ്തില്ല. എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ “നമ്മൾ കോമഡി അവതരിപ്പിക്കുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിനക്ക് കിട്ടിയ ആ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്” എന്ന് പറഞ്ഞതും സംസാരിച്ചതും എല്ലാം ഇപ്പോഴും ഓർക്കുന്നു. പ്രിയപ്പെട്ട എൻ്റെ ചേച്ചിക്ക് ആദരാഞ്ജലികൾ എന്ന് പറഞ്ഞു കൊണ്ടാണ് സുരഭി ലക്ഷ്മി തൻ്റെ ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. “ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും ആരംഭത്തിന്റെ അവസാനത്തിൽ നിന്നാണ് തുടങ്ങുന്നത്. എല്ലാവരെയും വീണ്ടും കാണാം. നന്ദി” എന്നായിരുന്നു സുബി മരിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പോസ്റ്റ് ചെയ്തത്.