“ദൈവത്തിന് സ്ത്രീ പുരുഷ വ്യത്യാസമില്ല, ശബരിമലയിൽ മാത്രമല്ല, ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും അസ്വസ്ഥനാകാന്‍ കഴിയില്ല, മനുഷ്യര്‍ സൃഷ്ടിച്ച നിയമം” ഐശ്വര്യ രാജേഷ്

സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരികയും എത്തിയ നടിയാണ് ഐശ്വര്യ രാജേഷ്. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയി കൂടിയായിരുന്നു ഐശ്വര്യ. 2011ൽ പ്രദർശനത്തിന് എത്തിയ അവർകളും ഇവർകളും എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അഭിനയത്തിലേക്കുള്ള കടന്ന് വരവ്. ദുൽക്കർ സൽമാൻ നായകനായി 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ശേഷം നിവിൻ പോളി നായകനായ സഖാവ് എന്ന സിനിമയിലും ഐശ്വര്യ വേഷമിട്ടു. 2014ൽ കാക്കാ മുട്ടൈ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം സ്വന്തമാക്കി. മലയാളത്തിലേക്കാൾ കൂടുതൽ തമിഴ് സിനിമകളിലാണ് ഐശ്വര്യ വേഷമിടുന്നത്. നിമിഷ സജയനും സൂരജ് വെഞ്ഞാറമൂടും അഭിനയിച്ചു തകർത്ത സിനിമയിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഇതിന്റെ തമിഴ് റീമേക്കിൽ നായികയായി എത്തിയത് ഐശ്വര്യ രാജേഷ് ആയിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ഐശ്വര്യ പ്രതികരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

 

ദൈവത്തിന്റെ കണ്ണില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലെന്നും എല്ലാം മനുഷ്യർ ഉണ്ടാക്കിയതാണെന്നും പറയുകയാണ് ഐഷ്വര്യ. സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിപ്പിക്കാൻ ഉള്ളതല്ല അവരുടെ കഴിവുകളും പ്രകടമാക്കാനുള്ളതാണ് എന്നും ഐഷ്വര്യ കൂട്ടിച്ചേർത്തു. ദൈവത്തിന് സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ഒരു ദൈവവും ഭക്തർ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല എന്നും ഐശ്വര്യ പ്രതികരിച്ചു. എല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ്. ശബരിമല മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ എത്തുന്നതിൽ ഒരു ദൈവത്തിനും അസ്വസ്ഥനാകാന്‍ കഴിയില്ല എന്നും താരം പറഞ്ഞു.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ടും ഐശ്വര്യ പ്രതികരിച്ചിരുന്നു. അഭിമുഖത്തിനിടയിൽ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോൾ തൻ്റെ നിലപാടും ഐശ്വര്യ വ്യക്തമാക്കി. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ലെന്നും അതൊക്കെ മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ് എന്നും താരം പറഞ്ഞു. നമ്മള്‍ എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്നൊക്കെ ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും ഐശ്വര്യ കൂട്ടി ചേർത്തു.