“റെയില്‍വേ പുറംമ്പോക്കിലായിരുന്നു, ചുറ്റിനും പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടി ഇവരെ അകത്ത് കിടത്തും, ചാക്ക് വിരിച്ച് ഞാന്‍ പുറത്ത് കിടക്കും, ഭിക്ഷയെടുക്കാൻ പോയതിൽ ഒരു നാണക്കേടും ഇല്ല” നസീര്‍ സംക്രാന്തി

പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടാണ് എന്നും സ്‌ക്രീനിൽ എത്താറുള്ളത് എങ്കിലും യഥാർത്ഥ ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്ന് പോയതെന്നാണ് നസീര്‍ സംക്രാന്തി പറയുന്നത്. കമലാസനന്‍ എന്ന പേരിലാണ് നസീറിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാവുന്നത്. തൻ്റെ അഭിനയ ജീവിതത്തിലേയും യഥാർത്ഥ ജീവിതത്തിലേയും അനുഭവങ്ങളെ കുറിച്ച് പറയുന്ന നസീറിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നസീർ തൻ്റെ അനുഭവങ്ങൾ എല്ലാം പങ്കുവെച്ചത്.

സ്വന്തമായി വീട് വെയ്ക്കുന്നതിന് മുൻപ് നാലഞ്ച് വീടുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. അഞ്ഞൂറ് മുതല്‍ പതിനായിരം വരെ വാടക കൊടുത്തിട്ടാണ് പല ഇടങ്ങളിലും നിന്നത്. ആദ്യം റെയില്‍വേ പുറംമ്പോക്കിലായിരുന്നു കഴിഞ്ഞത്. ചുറ്റിനും പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടി ഇവരെയെല്ലാം അകത്ത്കിടത്തും. ശേഷം ചാക്ക് വിരിച്ച് ഞാന്‍ പുറത്തും കിടക്കും. ഇപ്പോൾ വലിയ വീടൊക്കെ ഉണ്ടാക്കി എങ്കിലും താൻ നിലത്തേ കിടക്കാറുള്ളൂ എന്നാണ് നസീർ പറയുന്നത്. വീട്ടിലേക്ക് വരാന്‍ പറ്റാത്ത ഷൂട്ടെങ്കില്‍ ഇവിടെ വന്ന് ഈ നിലത്ത് കിടക്കുമെന്നും അതാണ് തനിക്ക് സന്തോഷമെന്നും പറയുന്നുണ്ട്.

തിരക്കുള്ള സ്ഥലങ്ങളൊന്നും തനിക്ക് ഇഷ്ടമല്ല. കോട്ടയം നസീര്‍ എന്നായിരുന്നു ഞാൻ ആദ്യം അറിയപ്പെട്ടത്, കറുകച്ചാല്‍ നസീര്‍ എന്ന് അവനും. പിന്നീട് അവൻ സിനിമയിൽ എത്തിയപ്പോൾ കോട്ടയം നസീറായി. അതോടെ സംക്രാന്തി എന്ന് എൻ്റെ പേരിന്റെ കൂടെ ചേർത്ത് വെച്ചു. 11ാമത്തെ വയസിലാണ് ഞാൻ യത്തീംഖാനയില്‍ എത്തുന്നത്. നിവൃത്തികേട് കൊണ്ടായിരുന്നു അവിടെ കൊണ്ടാക്കിയത്. നോമ്പൊക്കെയാവുമ്പോള്‍ എല്ലാവരേയും അവരുടെ വീട്ടുകാര്‍ വിളിച്ച് കൊണ്ട് പോവും.

ആ സമയങ്ങളിൽ അവിടെ ഒറ്റപ്പെട്ട് നിന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നെ വിളിക്കാന്‍ വീട്ടുകാരൊന്നും വരാറില്ലായിരുന്നു. വെക്കേഷന് വന്നിട്ട് അതുപോലെ തിരിച്ച് പോവും. ഉമ്മയാണ് എന്നെ യത്തീംഖാനയിലേക്ക് ആക്കിയത്. താൻ ഭിക്ഷയെടുത്ത കാര്യമെല്ലാം ഉമ്മയ്ക്ക് അറിയാം. കപ്പയ്ക്ക് പോവുക എന്നാണ് അതിന് പറഞ്ഞിരുന്നത്. ഉണക്ക് കപ്പ കിട്ടുന്ന സമയമായത് കൊണ്ട് ഒരു കൊട്ടയൊക്കെ എടുത്ത് വീടുകളില്‍ പോയി കപ്പ ചോദിക്കും. ഭക്ഷണവും വസ്ത്രവുമൊക്കെ അങ്ങനെ പോയപ്പോൾ കിട്ടിയിട്ടുണ്ട്. ഇതെല്ലം തുറന്ന് പറയുന്നതില്‍ എനിക്ക് നാണമില്ല, ഭിക്ഷ മോശമായി താൻ കണ്ടിട്ടില്ല എന്നും നസീർ സംക്രാന്തി പറഞ്ഞു.