
മുൻനിരയിലെ പല്ലുകൾ മുഴുവൻ പോയി, മൂക്കിന് ക്ഷതം, അപകട ശേഷം ഞാൻ കണ്ണ് തുറക്കുന്നത് ആംബുലൻസിൽ; കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തെപ്പറ്റി മഹേഷ് കുഞ്ഞുമോൻ
ജൂൺ ഒന്നാം തീയതി എല്ലാവരും ഞെട്ടലോടെ തന്നെയാണ് കണ്ണ് തുറന്നത്. മിമിക്രി കലാരംഗത്ത് കൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയ ഒരുപിടി നല്ല മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ കൂട്ടുകാരുടെ വാഹനം അപകടത്തിൽപ്പെട്ടതും അതിൽ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു താരം വിടവാങ്ങിയത് ആയിരുന്നു മലയാളികളെ കാത്തിരുന്ന വാർത്ത. കൊല്ലം സുധി എന്ന കലാകാരന്റെ വിടവാങ്ങൽ മലയാളി പ്രേക്ഷകർക്ക് ഇന്നും ഒരു വിങ്ങലോടെ അല്ലാതെ അംഗീകരിക്കാൻ കഴിയുന്നതല്ല. കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം തൃശ്ശൂരിൽ നിന്നും പുറപ്പെട്ട യാത്രയാണ് സുധിയെ മരണത്തോളം കൊണ്ട് എത്തിച്ചത്. ഫ്ലവേഴ്സ് ചാനലും 24 ഉം ചേർന്ന് തൃശ്ശൂരിൽ നടത്തിയ ഒരു പരിപാടിയിൽ അഭിനയിച്ച ശേഷം തിരികെ മടങ്ങുകയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയും കൊല്ലം സുധി മരണത്തിന് കീഴടങ്ങുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും നീണ്ടനാളത്തെ ആശുപത്രിവാസത്തിന് ഒടുവിലാണ് തിരികെ ജീവിതത്തിലേക്ക് മടങ്ങിവന്നത്

ബിനു അടിമാലി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോഴും മഹേഷ് കുഞ്ഞുമോന്റെ പേര് ചർച്ചകളിൽ തന്നെ നിറഞ്ഞുനിന്നിരുന്നു. ഒമ്പതുമണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് മഹേഷ് കുഞ്ഞുമോന് നടത്തിയത്. ഇപ്പോൾ പഴയ ജീവിതത്തിലേക്ക് തിരികെ എത്തുന്ന മഹേഷ് കഴിഞ്ഞദിവസം വീട്ടിലെത്തിയശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് തൻറെ അവസ്ഥയെപ്പറ്റിയും അപകടത്തെപ്പറ്റിയും തുറന്നു സംസാരിച്ചിരിക്കുന്നത്. പരിപാടി കഴിഞ്ഞ് താൻ മടങ്ങിവരേണ്ട വണ്ടി ആയിരുന്നില്ല ബിനു അടിമാലിയും കൊല്ലം സുധിയും സഞ്ചരിച്ചിരുന്നത്. തനിക്ക് ഡബ്ബിങ്മായി ബന്ധപ്പെട്ട അടിയന്തരമായി എറണാകുളത്തേക്ക് എത്തേണ്ടത് കൊണ്ട് ബിനു ചേട്ടനും സുധി ചേട്ടനും ഒപ്പം ഞാൻ കയറുകയായിരുന്നു. അവർ എന്നെ ആലുവയിൽ ഇറക്കാം എന്ന് പറഞ്ഞു. യാത്ര ആരംഭിച്ചപ്പോൾ മുതൽ തന്നെ ഭയങ്കര ചിരിയും തമാശയും ഒക്കെ ആയിരുന്നു.ബിനു ചേട്ടനെയൊക്കെ കൗണ്ടറുകൾ നിർത്താതെ പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. അങ്ങനെ സ്റ്റേജിലെ പെർഫോമൻസ് ക്ഷീണം കൊണ്ട് ഇടയ്ക്ക് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. കണ്ണുതുറക്കുമ്പോൾ ആംബുലൻസിൽ ആശുപത്രിയിലേക്ക് പോവുകയാണ്

അപകടം നടന്നു എന്നല്ലാതെ മറ്റൊന്നും എനിക്ക് അറിയാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചത് എന്നൊക്കെ ഞാൻ പലരോടും ചോദിച്ചു ആരും ഒന്നും പറഞ്ഞില്ല. മുഖത്തൊക്കെ ചതവ് പറ്റിയത് പോലെയുള്ള അവസ്ഥയായിരുന്നു. ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. മുൻനിരയിലെ പല്ലുകൾ മുഴുവനും പോയത് കാരണം ഒന്നിനും പറ്റാത്ത അവസ്ഥയായിരുന്നു. ശസ്ത്രക്രിയ സമയത്ത് ഡോക്ടർമാർ അനസ്‌തേഷ്യ തരുന്നതിനു മുൻപ് സംസാരിക്കുന്നത് ഞാൻ കേട്ടു. അപ്പോഴാണ് സുധി ചേട്ടൻ ഞങ്ങളെ വിട്ടു പിരിഞ്ഞു എന്ന കാര്യം ഞാൻ അറിഞ്ഞത്. പക്ഷേ ഞാൻ ഈയൊരു വിവരം അറിഞ്ഞു എന്ന് എനിക്കൊപ്പം ഉള്ളവർക്ക് അറിയില്ലായിരുന്നു. ഞാൻ അവരോട് സുധി ചേട്ടനെ പറ്റി തിരക്കിയപ്പോൾ കുഴപ്പമൊന്നുമില്ല നന്നായിരിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. അതൊക്കെ വല്ലാത്ത ഒരു അവസ്ഥയായിരുന്നു എന്നാണ് മഹേഷ് കുഞ്ഞുമോൻ പറയുന്നത്.